കോഴിക്കോട് ജില്ലയിൽ നിന്നും നിരോധിത പ്ളാസ്റ്റിക് ഉൽപന്നങ്ങൾ കണ്ണൂർ ജില്ലയിലേക്ക് വിതരണം ചെയ്യാൻ വേണ്ടി കടത്തുകയായിരുന്ന വാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി 10000 രൂപ പിഴ അടപ്പിച്ചു.


പല തരത്തിലുള്ള ഒന്നര ക്വിൻ്റലിലധികം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും വ്യാജ ബയോക്യാരീ ബാഗുകളുമാണ് തലശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് സ്ക്വാഡ് പിടിച്ചെടുത്തത്.
തലശ്ശേരി, തളിപ്പറമ്പ് പയ്യന്നൂർ ടൗണുകളിലേക്ക് വിതരണം ചെയ്യാനുള്ള നിരോധിത ഉൽപന്നങ്ങളാണ് വണ്ടിയിൽ നിന്ന് കണ്ടെടുത്തത്.
ബയോ ക്യാരിബാഗ് എന്ന് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ക്യു ആർ കോഡ് ഉൾപ്പെടെയുള്ള രേഖപ്പെടുത്തലുകളുമായുള്ള നിരോധിത പ്ളാസ്റ്റിക്ക് ക്യാരി ബാഗുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
പിടിച്ചെടുത്ത വ്യാജ ക്യാരി ബാഗുകൾ മലിനീകരണ നിയന്ത്രണ ബോർഡ് നിർദ്ദേശപ്രകാരമുള്ള ഡൈ ക്ലോറോ മീഥൈൻ ടെസ്റ്റ് തൽസമയം നടത്തി ഉറപ്പുവരുത്തി.
ഡൈക്ലോറോമീഥൈൻ ലായനിയിൽ ബയോ ക്യാരീ ബാഗുകൾ പൂർണമായി ലയിക്കുമെങ്കിലും പ്ളാസ്റ്റിക് ലയിക്കില്ല.
വടകരയിലെ ടിവി തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ നൈലോൺ എന്ന സ്ഥാപനത്തിൻ്റെ KL.18G 2424 എന്ന വാഹനത്തിൽ നിന്നുമാണ് നിരോധിത ഉൽപ്പന്നങ്ങൾ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്.
ഇതേ വാഹനത്തിൽ നിന്നും മുൻപ് രണ്ട് തവണയായി മട്ടന്നൂർനഗരസഭാ പരിധിയിൽ നിന്ന് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 35000 രൂപ പിഴ ചുമത്തിയിരുന്നു.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ രഘുവരൻ ടി.വി, അജയകുമാർ കെ ആർ, പ്രവീൺ പി എസ് ,
നഗരസഭാ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ ബി, ദിനേശ് ഇ എന്നിവർ പങ്കെടുത്തു.
The District Enforcement Squad and Thalassery Municipality Health Department seized banned plastic bags brought for distribution from Kozhikode; a fine of Rs. 10,000 was imposed